വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് 925 എണ്ണം


 election ID cards discovered buried in a property at Pantheerankavu

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമാണ് സംഭവം. പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. 925 കാര്‍ഡുകളാണ് നനഞ്ഞ് നശിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതോടെ നാട്ടുകാര്‍ പന്തീരാങ്കാവ് പൊലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു. പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാര്‍ഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാര്‍ഡുകളും കൂട്ടത്തിലുണ്ട്. മുന്‍ ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ഇ. വിശ്വനാഥന്റെ വീടിന്റെ പിന്‍വശത്തുളള പറമ്പിന്റെ മതില്‍ തകര്‍ന്നപ്പോഴാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്.



2015 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളാണ് ഇവയെന്നു സ്ഥിരീകരിച്ചു. പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ തിരിച്ചെടുത്തവയാകാം ഇതെന്നാണ് സൂചന.

എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാര്‍ഡുകള്‍ ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസര്‍ അറിയിച്ചു. പുതിയ കാര്‍ഡുകള്‍ നല്‍കിയപ്പോള്‍ വോട്ടര്‍മാരില്‍ നിന്ന് കൈപ്പറ്റിയ പഴയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാക്രമം നശിപ്പിക്കാത്തതാണെന്നാണ് പ്രാഥമിക നിഗമനം.

أحدث أقدم