ഓൺലൈനിൽ മാത്രമല്ല… നാട്ടിലെ കടകളിലും… എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്


        






മലപ്പുറം: അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസെടുത്ത് പൊലീസ്. ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറം അരീക്കോട് സ്വദേശിനിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിലാണ് നടപടി. പെൺകുട്ടിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പെൺകുട്ടി വ്യക്തമാക്കി. ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഉപഭോക്തൃ കോടതിയെയും സമീപിക്കാനാണ് തീരുമാനം.

ക്രീം ഇപ്പോഴും ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും പെൺകുട്ടി മുന്നറിയിപ്പ് നൽകി. താൻ നേരിട്ട ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പെൺകുട്ടി പറഞ്ഞു. തന്റെ ക്ലാസിലെ നിരവധി കുട്ടികൾ ഈ ക്രീം ഉപയോഗിക്കുന്നുണ്ട്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് ആരോഗ്യപ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ക്രീം ഉപയോഗിക്കുന്ന പലർക്കും ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായതിനാലാണ് നിലവിലെ അവസ്ഥയിൽ പിടിച്ചുനിൽക്കാനായതെന്നും പെൺകുട്ടി പറഞ്ഞു. ക്രീമിന്റെ ഉപയോഗം മൂലം ചർമത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുടർചികിത്സയിലൂടെ ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കി
അതേസമയം, ദുബായിൽ നിർമിക്കുന്ന ക്രീം ഓൺലൈൻ വഴി മാത്രമാണ് വിൽക്കുന്നതെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. എന്നാൽ സംസ്ഥാനത്തെ ചെറുകിട കോസ്മെറ്റിക് കടകളിൽ പോലും ക്രീം ലഭ്യമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓൺലൈൻ വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് കടകളിൽ വിൽക്കുന്നതെങ്കിലും ക്രീമിന് ആവശ്യക്കാർ ഏറെയാണെന്നാണ് വ്യാപാരികൾ പറയുന്നത്.


أحدث أقدم