ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതിയാൽ സോണിയ ഗാന്ധി എങ്ങനെ പ്രതികരിക്കുമെന്ന കൗതുകചോദ്യവുമായി പ്രിയങ്ക ഗാന്ധി. എന്നാൽ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തയാറാകാതിരുന്ന സോണിയ, ‘അതിൽ ഞാൻ അഭിപ്രായം പറയുന്നില്ല’ എന്നു പറഞ്ഞ് സംഭാഷണത്തിൽനിന്ന് ഒഴിഞ്ഞുമാറി.
*ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സംഭാഷണത്തിലാണ് രാഹുലിന്റെ വിവാഹകാര്യവും കടന്നുവന്നത്. പ്രിയങ്കയുടെ മകൾ മിരായയും സംഭാഷണത്തിൽ പങ്കെടുത്തിരുന്നു. ഇന്ദിരാഗാന്ധിയെ ആദ്യമായി കണ്ട അനുഭവങ്ങളെക്കുറിച്ചായിരുന്നു മിരായ സോണിയയോട് ചോദിച്ചത്.
*രാജീവ് ഗാന്ധി ലണ്ടനിൽ പഠിക്കുന്ന കാലത്ത് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ച് ഇന്ദിരയ്ക്ക് കത്തെഴുതിയ സംഭവമാണ് സോണിയ പങ്കുവച്ചത്. ‘‘താൻ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും രാജീവ് ലണ്ടനിൽനിന്ന് ഇന്ദിരയ്ക്ക് കത്തെഴുതി. ഒരു ഇന്ത്യൻ അമ്മയെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്ന കാര്യമായിരിക്കുമല്ലോ. ഇന്ദിര ലണ്ടനിലെത്തിയപ്പോഴാണ് ഞങ്ങൾ ആദ്യമായി കണ്ടത്’’– സോണിയ പറഞ്ഞു.
ഇന്ദിരാഗാന്ധിയെ നേരിൽ കാണാൻ തനിക്ക് ഏറെ ആശങ്കയുണ്ടായിരുന്നുവെന്നും അതിനാൽ പിറ്റേന്നാണ് പോയി കണ്ടതെന്നും സോണിയ ഓർത്തെടുത്തു. ഇംഗ്ലിഷിൽ സംസാരിക്കാൻ വേണ്ടത്ര പ്രാവീണ്യമില്ലാതിരുന്നതിനാൽ ഇരുവരും ഫ്രഞ്ച് ഭാഷയിലാണ് സംസാരിച്ചതെന്നും സോണിയ വെളിപ്പെടുത്തി.