കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്ലയിൽ യമൻ സ്വദേശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് ബംഗ്ലാദേശ് സ്വദേശി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ ഷർഖ് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവാവ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, കൊല്ലപ്പെട്ട യമൻ സ്വദേശി തന്റെ ദേഹത്ത് വെള്ളമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രതി മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഇയാളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതിയുടെ മൊഴി.
ഭയന്ന നിലയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അൽ മുത്ല സിറ്റിയിലെ ഒരു കെട്ടിടത്തിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് യമൻ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ നേരത്തേ താമസസ്ഥലത്തുനിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. അതേസമയം, കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഉൾപ്പെടെയുള്ള വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്