കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വിനോദയാത്രാ ബസുകള്‍ ജോയിന്റ് ആര്‍ടിഒ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ടു. സംഭവത്തില്‍ ഗതാഗത കമ്മീഷണര്‍, കാസര്‍ഗോഡ് ആര്‍ടിഒ എന്നിവരോട് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. മൈസൂര്‍, ചിക്കമംഗളൂരു തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലസ് ടു വിദ്യാര്‍ഥികളുമായി പുറപ്പെടാനിരുന്ന ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ബസുകളില്‍ നിയമവിരുദ്ധമായ സൗണ്ട് സിസ്റ്റം, ലേസര്‍ ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ മോഡിഫിക്കേഷനുകള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ജോയിന്റ് ആര്‍.ടി.ഒ എ.കെ. നജീബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നടപടി. ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടേണ്ടിയിരുന്ന യാത്ര ഉദ്യോഗസ്ഥരുടെ പരിശോധനയെയും തടയലിനെയും തുടര്‍ന്ന് മൂന്നര മുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയിരുന്നു. ഇതുമൂലം വിദ്യാര്‍ഥികളും അധ്യാപകരും മണിക്കൂറുകളോളം കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. യാത്രയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ക്ക് കൈമാറിയിരുന്നതായും എന്നിട്ടും മനഃപൂര്‍വ്വം ബുദ്ധിമുട്ടിച്ചെന്നും സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ണ്ണായക ഇടപെടല്‍