പിഎം ശ്രീയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല… പിഎം ശ്രീയും കേന്ദ്രഫണ്ടും കൂട്ടിക്കുഴയ്ക്കരുത്…







മലപ്പുറം: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിച്ചുവരികയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് ലഭിക്കാൻ കേരളത്തിന് അർഹതയും യോഗ്യതയുമുണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി ഉപാധികളോടെ നടപ്പാക്കാമെന്ന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ എം.കെ. മുനീറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മാപ്പുകൾ കാണുക

മുനീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ കുട്ടികളുടെ അവകാശമാണ് കേന്ദ്ര ഫണ്ടെന്നും സംസ്ഥാനത്തിന്റെ നികുതിവിഹിതം കൂടിയാണ് അതിൽ ഉൾപ്പെടുന്നതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. സമഗ്രശിക്ഷ വഴിയാണ് സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് ലഭിക്കുന്നത്. വിവിധ ഇനങ്ങളിലായി കേരളത്തിന് ഏകദേശം 2,000 കോടി രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് രാഷ്ട്രീയ പശ്ചാത്തലമുള്ളതിനാൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ട്. വിവിധ പദ്ധതികൾക്ക് ഫണ്ടിന്റെ കുറവുണ്ട്. പിഎം ശ്രീയിൽ സംസ്ഥാന സർക്കാരുകൾക്ക് സിലബസ് നിശ്ചയിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് കേരളം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി
പിഎം ശ്രീ പദ്ധതിയെയും കേരളത്തിന് ലഭിക്കാനുള്ള കേന്ദ്രഫണ്ടിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വഖഫ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു. വിഷയങ്ങൾ ചർച്ചകളിലാണ്. തർക്കങ്ങളില്ലെന്നും എല്ലാം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റിയുടെ പുനഃസംഘടന സമയമാകുമ്പോൾ നടത്തും. ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു
أحدث أقدم