കേജ്‍രിവാളിനും മകൾക്കുമെതിരെ വധഭീഷണി







ആം ആദ്മി പാർട്ടി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാളിനും മകൾ ഹർഷിത കേജ്‍രിവാളിനും നേരെ വധഭീഷണി. 7 കോടി രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ ഇരുവരെയും വകവരുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെ അംഗമെന്ന് അവകാശപ്പെട്ടാണ് സന്ദേശം എത്തിയിട്ടുള്ളത്. ഡൽഹിയിലെ തിലക് നഗർ മണ്ഡലത്തിൽനിന്നുള്ള എഎപി എംഎൽഎയായ ജർനൈൽ സിങ്ങാണ് ഭീഷണി സംബന്ധിച്ച് ഡൽഹി പോലീസിൽ വിവരം നൽകിയത്. വിദേശത്ത് വേരുകളുള്ള സംഘത്തിലെ അംഗമെന്ന് പരിചയപ്പെടുത്തിയാണ് തനിക്ക് വാട്സാപ് സന്ദേശവും ഫോൺ കോളും വന്നതെന്നും എംഎൽഎ അറിയിച്ചു.

ഏഴു കോടി രൂപ ആവശ്യപ്പെട്ട് ഒരാൾ വിളിച്ചെന്നും അതു നൽകിയില്ലെങ്കിൽ കേജ്‍രിവാളിനെയും മകളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞെന്നുമാണ് പഞ്ചാബിലെ മൊഹാലിയിൽ നവംബർ ആറിന് നൽകിയ പരാതിയിൽ പറയുന്നത്. എംഎൽഎയുടെ പരാതിയിൽ ബിഎഎൻഎസ്, ഐടി ആക്ട് പ്രകാരം മൊഹാലി പോലീസ് കേസെടുത്തു. സൈബർ ക്രൈം യൂണിറ്റിലെ സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കോൾ റെക്കോർഡുകൾ, മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ലോക്കേഷൻ എന്നിവ പരിശോധിച്ചു വരികയാണ്. കേജ്‍രിവാളിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. 2019ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്നു കാലത്തും കേജ്‍രിവാളിനെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.

Latest News News
        

Previous Post Next Post