പൊതുഖജനാവിലെ ഓരോ രൂപയ്ക്കും കണക്കുവേണം… സാമ്പത്തിക മേൽനോട്ടം ശക്തമാക്കണമെന്ന്….



തിരുവനന്തപുരം: പൊതുപണത്തിന്റെ ദുരുപയോഗം തടയുന്നതിനും സാമ്പത്തിക മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും നിർമിതബുദ്ധിയും (AI) ഡാറ്റാ അനലിറ്റിക്സും പ്രയോജനപ്പെടുത്തണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുഖജനാവിൽ നിന്ന് ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടാകണമെന്നും അനുവദിച്ച ആവശ്യത്തിനായി പണം പൂർണമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സ്പീക്കർ പറഞ്ഞു. ഓഡിറ്റ് പരാമർശങ്ങൾ തീർപ്പാക്കാൻ 10 മുതൽ 20 വർഷം വരെ വൈകുന്ന സാഹചര്യം ആശങ്കാജനകമാണ്. ഇത്തരം കാലതാമസം ഒഴിവാക്കാൻ വ്യക്തവും സമയബന്ധിതവുമായ കർമപദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാക്കണം. പൊതുചിലവുകളുടെ പരിശോധന കണക്കുകളിലും വിനിയോഗ സർട്ടിഫിക്കറ്റുകളിലും മാത്രം ഒതുങ്ങരുത്. അടിസ്ഥാനസൗകര്യ പദ്ധതികളിൽ ആവശ്യമായിടത്ത് സ്ഥലങ്ങൾ സന്ദർശിച്ച് പ്രവൃത്തികളുടെ ഗുണനിലവാരവും പൂർത്തീകരണത്തിലെ സമയനിഷ്ഠയും പരിശോധിക്കണം. പ്രതിപക്ഷ അംഗത്തെ പി.എ.സി അധ്യക്ഷനായി നിയമിക്കുന്ന ഇന്ത്യൻ പാർലമെന്ററി പാരമ്പര്യം ജനാധിപത്യത്തിന്റെ പക്വത വ്യക്തമാക്കുന്നു. വ്യക്തികളെയോ സർക്കാരിനെയോ വിമർശിക്കുകയല്ല, മറിച്ച് സാമ്പത്തിക ചോർച്ചകൾ തടയുകയാണ് കമ്മിറ്റികളുടെ ലക്ഷ്യം.
أحدث أقدم