വിവാദങ്ങൾ അവസാനിപ്പിക്കണം… എല്ലാവരും ഒറ്റക്കെട്ടാകണം… നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ…



ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഉടൻ ഇടപെടില്ല. നിലവിലെ സംസ്ഥാന നേതൃത്വം നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം. വിവാദങ്ങളിൽ നേതാക്കളും പ്രവർത്തകരും അനാവശ്യ പ്രതികരണങ്ങൾ നടത്തരുതെന്നും കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.

എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും നിർദേശം നൽകിയിട്ടുണ്ട്. സംഘടനാപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുമായും കൂടിയാലോചിക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലുണ്ട്. ഡൽഹിയിലെത്തിയ സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ-രാജ്മോഹൻ ഉണ്ണിത്താൻ പോര്, സംഘടനാപരമായ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

 യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങളിൽ പരസ്യപ്രതികരണങ്ങൾക്ക് നേരിയ അയവുവന്നെങ്കിലും ഫ്ലക്സ് യുദ്ധം അവസാനിച്ചിട്ടില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. ഫ്ലക്സ് സ്ഥാപിക്കുന്നതിനെതിരെ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നെങ്കിലും പ്രവർത്തകർ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
أحدث أقدم