തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ഒരു ബസ് തിരികെ തിരുവനന്തപുരത്ത് എത്തുമ്പോൾ കെഎസ്ആർടിസിയുടെ ഷെഡ്യൂൾ പ്രകാരമുള്ള ആകെ ദൂരം 754 കിലോമീറ്ററാണ്. വെറ്റ് ലീസിലുള്ള എസി ബസിന് കിലോമീറ്ററിന് 54 രൂപ നിരക്കിൽ കണക്കാക്കിയാൽ ഒരു റൗണ്ട് ട്രിപ്പിന് കെഎസ്ആർടിസി നൽകേണ്ടത് 40,716 രൂപയാണ്. എന്നാൽ, ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകൾക്ക് ലഭിച്ച കഴിഞ്ഞ ദിവസങ്ങളിലെ കളക്ഷൻ പലപ്പോഴും ഈ തുകയേക്കാൾ കുറവാണ്. ഒക്ടോബർ 28-ന് 45,832 രൂപയും 29-ന് 29,113 രൂപയുമായിരുന്നു വരുമാനം. ഒക്ടോബർ 30-ന് 51,230 രൂപ ലഭിച്ചപ്പോൾ 31-ന് ലഭിച്ചത് 30,741 രൂപയാണ്. അതായത്, ഒക്ടോബർ 29, 31 തീയതികളിലെ വരുമാനം സ്വകാര്യ എസി ബസിന് നൽകേണ്ട 40,716 രൂപയേക്കാൾ കുറവാണ്.
ഒക്ടോബർ 28, 30 തീയതികളിൽ വരുമാനം ഈ തുകയേക്കാൾ കൂടുതലായിരുന്നു. വരുമാനം കുറഞ്ഞ ദിവസങ്ങളിലും നിശ്ചയിച്ച ലീസ് നിരക്ക് പ്രകാരം സ്വകാര്യ ബസ് ഉടമകൾക്ക് തുക നൽകേണ്ടിവരുന്നത് കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കെഎസ്ആർടിസിക്കായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന മറ്റു റൂട്ടുകളിലും സമാനമായ സാഹചര്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.