ജനങ്ങൾക്ക് നിയമസഭയിൽ നേരിട്ട് ചോദ്യം ചോദിക്കാൻ അവസരം… സ്പീക്കർ



തിരുവനന്തപുരം: ജനങ്ങൾക്ക് നിയമസഭയിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുക്കുന്ന തരത്തിൽ പ്രത്യേക ദിനാചരണത്തിന് ആലോചന തുടങ്ങിയതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങൾക്ക് ജനപ്രതിനിധികളോട് നേരിട്ട് സംവദിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും കഴിയുന്ന രീതിയിലുള്ള പരിപാടിയാണ് പരിഗണനയിലുള്ളത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ‘അഭിപ്രായസ്വാതന്ത്ര്യവും ഫോർത്ത് എസ്റ്റേറ്റും: ഭാവിയിലേക്കുള്ള പുതിയ ചിന്താധാരകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. മാധ്യമങ്ങൾ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വഴങ്ങരുതെന്നും ജനങ്ങൾക്ക് സുതാര്യമായ രീതിയിൽ വിവരങ്ങൾ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിയമസഭ പ്രതിജ്ഞാബദ്ധമാണെന്നും സ്പീക്കർ വ്യക്തമാക്കി. അതേസമയം, മുഖ്യധാരാ മാധ്യമങ്ങളിൽ ഇടംനേടാത്ത പല സുപ്രധാന വിവരങ്ങളും ഇന്ന് ലഭിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. ഗാസയിലെ സംഭവങ്ങളും ജന്തർമന്തറിലെ സമരവുമുൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക വിവരങ്ങൾ ലഭിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമനിർമാണത്തിന് വിവിധ രാജ്യങ്ങൾ ഒരുങ്ങുകയാണെന്നും ശശികുമാർ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി. രാധാകൃഷ്ണൻ, വി.എസ്. രാജേഷ്, കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, അംഗം വി. ഗീത, സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവർ സംസാരിച്ചു. എഴുത്തുകാരനും ചിന്തകനുമായ എൻ.ഇ. സുധീർ മോഡറേറ്ററായിരുന്നു.

Previous Post Next Post