ജിം പരിശീലകരുടെ ജോലികളിലും സൗദിവൽക്കരണം… പുതിയ നിർദേശം പുറപ്പെടുവിച്ച് സൗദി മന്ത്രാലയം



റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ നവംബർ 18-നകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിർദേശപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളിലായി ആകെ ജീവനക്കാരുടെ 15 ശതമാനം സൗദി പൗരന്മാരായിരിക്കണം.

നാലോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്പോർട്സ് സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണ വ്യവസ്ഥ ബാധകമാണ്. സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, വാട്ടർ സ്പോർട്സ് കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, ഐസ് സ്പോർട്സ് കോച്ച്, മാർഷ്യൽ ആർട്സ് കോച്ച് തുടങ്ങിയ തസ്തികകളിലും സ്വദേശിവൽക്കരണം നടപ്പാക്കണം. പദ്ധതിയുടെ മേൽനോട്ടം കായിക മന്ത്രാലയത്തിനാണ്. സ്വദേശിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, പരിശീലനം തുടങ്ങിയവയ്ക്കായി മന്ത്രാലയത്തിന്റെ പ്രത്യേക പ്രോത്സാഹനങ്ങളും ഹദഫ് പദ്ധതിയുടെ പിന്തുണയും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ പ്രധാന തൊഴിൽ മേഖലകളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ ജിം, സ്പോർട്സ് സെന്റർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും പുതിയ തീരുമാനം ബാധിച്ചേക്കും.



أحدث أقدم