ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ ‘മാർജിൻ കോൾ’ നോട്ടിസ്! അവഗണിച്ചാൽ..









സ്വർണവില കുത്തനെ കുറഞ്ഞതോടെ ഗോൾഡ് ലോൺ എടുത്തവരോട് വായ്പയുടെ ഒരുഭാഗം തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണം ഈടായി നൽകാനോ ആവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കാൻ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒരുങ്ങുന്നു. കഴിഞ്ഞ ജനുവരിയിൽ പവന് 1.31 ലക്ഷം രൂപയിലെത്തിയ സ്വർണവില ഇപ്പോൾ 90,000 രൂപ നിലവാരത്തിലേക്ക് താഴ്ന്നതാണ് ഇതിന് കാരണം. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ വായ്പയും ഈടും തമ്മിലുള്ള അനുപാതം നിലനിർത്താൻ സ്ഥാപനങ്ങൾ നടപടികളിലേക്ക് കടക്കുകയാണ്.

ആർ.ബി.ഐ നിശ്ചയിച്ചിട്ടുള്ള മൂല്യ-വായ്പാ അനുപാതം അനുസരിച്ച് 2.50 ലക്ഷം രൂപ വരെ മൂല്യമുള്ള ആഭരണങ്ങൾ ഈടായി നൽകിയാൽ അതിന്റെ 85 ശതമാനം വരെയും 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ മൂല്യമുള്ളവയ്ക്ക് 80 ശതമാനം വരെയും അതിനു മുകളിലുള്ളവയ്ക്ക് 75 ശതമാനം വരെയുമാണ് വായ്പ അനുവദിക്കാവുന്നത്. സ്വർണവില താഴുമ്പോൾ ഈടിന്റെ മൂല്യവും കുറയുന്നതിനാൽ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് തിരിച്ചടവ് സംബന്ധിച്ച ആശങ്കയുണ്ടാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വായ്പയുടെ ഒരുഭാഗം തിരിച്ചടയ്ക്കാനോ അധിക സ്വർണം നൽകാനോ ആവശ്യപ്പെടുന്ന നോട്ടിസിനെയാണ് ബാങ്കിങ് രംഗത്ത് ‘മാർജിൻ കോൾ നോട്ടിസ്’ എന്നു വിളിക്കുന്നത്.
നോട്ടിസ് അവഗണിക്കുന്നവരുടെ വായ്പകൾ സമ്മർദ ആസ്തികളായോ നിഷ്ക്രിയ ആസ്തികളായോ മാറാൻ സാധ്യതയുണ്ട്. തുടർന്ന് വായ്പത്തുക തിരിച്ചുപിടിക്കാൻ ഈടായി നൽകിയ സ്വർണം ലേലം ചെയ്യേണ്ടിവരും. നിലവിൽ ഇത്തരം വായ്പകളിലെ സ്വർണം ലേലം ചെയ്യുന്നതാണ് സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. സാമ്പത്തിക വർഷത്തിന്റെ മൂന്നും നാലും പാദങ്ങളിൽ കൂടുതൽ സ്വർണലേലങ്ങൾ നടക്കുമെന്നാണ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ.

Previous Post Next Post