വീടുകളിൽ മാത്രമല്ല, റെയില്‍വേ സ്റ്റേഷനിലും കവര്‍ച്ച, ഒരേ സംഘമെന്ന സംശയത്തില്‍ പോലീസ്






കൊയിലാണ്ടിയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ കവര്‍ച്ചയില്‍ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ചേമഞ്ചേരിക്ക് സമീപം പൊയില്‍ക്കാവിലെ വീട്ടില്‍നിന്ന് പന്ത്രണ്ട് പവനും ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പണവും ഫോണും മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് വിവിധ സ്ഥലങ്ങളില്‍ മോഷണവും മോഷണ ശ്രമവും ഉണ്ടായത്.

പൊയില്‍ക്കാവില്‍ കരുണാകരനെന്നയാളുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. വീടിന്റെ ഇരുമ്പ് ഗ്രില്ല് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. സമാനമായ രീതിയില്‍ സമീപ പ്രദേശമായ പൂക്കാട് പനായിലും മോഷണശ്രമം നടന്നു. വീട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെയാണ് മോഷണശ്രമം പരാജയപ്പെട്ടത്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലാണ് മറ്റൊരു മോഷണം നടന്നത്.

റെയില്‍വേ ജീവനക്കാരന്‍, ടിക്കറ്റ് കൗണ്ടര്‍ അടച്ച് വീട്ടില്‍ പോയപ്പോഴാണ് മോഷണം നടന്നത്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് മോഷ്ടാവ് കവര്‍ന്നത്. ഇതെല്ലാം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
أحدث أقدم