കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി









കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി. തോട്ടട കിഴുന്നപ്പാറ സ്വദേശി ഷിജിൽ (31) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയത്. കണ്ണിലെ ഞരമ്പിൽ നീർക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഷിജിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ കാലതാമസമുണ്ടായെന്നും ഇതാണ് ഷിജിലിന്റെ ആരോഗ്യനില ഗുരുതരമാക്കാനും മരണത്തിനും ഇടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

പ്ലാസ്മ എക്സ്ചേഞ്ച് വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും അതിൽ വലിയ കാലതാമസം വരുത്തിയെന്നും നില വഷളായപ്പോൾ പലതവണ ആവശ്യപ്പെട്ടിട്ടും ഐസിയുവിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും ഒടുവിൽ ബോധം പൂർണ്ണമായും നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം ചികിത്സയിൽ അനാസ്ഥ സംഭവിച്ചിട്ടില്ലെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു
Previous Post Next Post