കുട്ടിയെ ഉപയോഗിച്ച് വ്യാജ പോക്സോ കേസ്… ദമ്പതിമാരെ…

*മഞ്ചേരി : വ്യാജമായി കെട്ടിച്ചമച്ച പോക്സോ കേസിൽ പ്രതികളായ ദമ്പതികളെ വെറുതേവിട്ട് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി. 

കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കേസിന് പിന്നിലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പരിഗണിച്ചു. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് തനിച്ചായിരുന്ന പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തായ ഒന്നാം പ്രതി വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ഇക്കാര്യം ഒന്നാം പ്രതിയുടെ ഭാര്യയോട് പറഞ്ഞപ്പോൾ അവർ കുട്ടിക്ക് മിഠായി നൽകുകയും പിന്നീട് കത്തി കാട്ടി വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 

എന്നാൽ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ വാദങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി കണ്ടെത്തി. അതിജീവിതയുടെ മാതാപിതാക്കൾക്ക് പ്രതികളോടുള്ള ശത്രുതയും കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങളും കേസിന് പിന്നിലുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. മൊഴികളിലെ അതിശയോക്തിയും വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയ കോടതി, കുട്ടിയെ ഉപയോഗിച്ച് മാതാപിതാക്കൾ വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് വിലയിരുത്തി. 

അതിജീവിതയുടെ മൊഴികൾ സംശയാസ്പദമാണെങ്കിൽ കേസിലെ മറ്റ് വസ്തുതകളുമായി ചേർത്ത് പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വരുൺ പ്രതികളായ ദമ്പതികളെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എ.പി. ഇസ്മായിൽ ഹാജരായി.
Previous Post Next Post