കടലിന് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം; രാജ്യവ്യാപക തീരദേശ ശുചീകരണവുമായി കുവൈത്ത് ഡൈവിംഗ് ടീം




കുവൈറ്റ് സിറ്റി ; കുവൈത്തിലെ കടൽത്തീരങ്ങൾ ശുചിയാക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ‘കുവൈത്ത് ഡൈവിംഗ് ടീം’ രാജ്യവ്യാപക ശുചീകരണ കാമ്പയിൻ ആരംഭിച്ചു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, സ്കൂളുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരെ അണിനിരത്തി നടപ്പാക്കുന്ന പദ്ധതിയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും സജീവമായി പങ്കാളികളാകുന്നുണ്ട്. ഏപ്രിൽ ആദ്യവാരം വരെയാണ് ഈ കാമ്പയിൻ നീണ്ടുനിൽക്കുക. മംഗഫ് തീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് കാമ്പയിന് തുടക്കമിട്ടത്. മംഗഫിൽ നിന്ന് വൻതോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട കയറുകളും സന്നദ്ധപ്രവർത്തകർ നീക്കം ചെയ്തു. കൂടാതെ, സ്വാഭാവിക ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അൽ ജഹ്‌റ റിസർവിലും ശുചീകരണം നടത്തി. ഉപേക്ഷിക്കപ്പെട്ട മീൻപിടിത്ത വലകളും ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെ നിന്നും ശേഖരിച്ചത്. ഡ്രെയിനേജ് സംവിധാനങ്ങളിലൂടെ ഒഴുകി കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടുന്ന ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇത്തരം മാലിന്യങ്ങൾ സമുദ്ര ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, ഭാവിതലമുറയ്ക്കായി സമുദ്രവിഭവങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അൽ ഫാദൽ വ്യക്തമാക്കി. പരിസ്ഥിതി അവബോധം വളർത്തുക, സുസ്ഥിരതയും സന്നദ്ധസേവനവും പ്രോത്സാഹിപ്പിക്കുക, പ്രകൃതി സംരക്ഷണത്തിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്നിവയും ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. തീരങ്ങളിൽ മാലിന്യം വലിച്ചെറിയരുതെന്നും കടൽ ജീവികളെ സംരക്ഷിക്കണമെന്നും സന്ദർശകരോട് അൽ ഫാദൽ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്

Previous Post Next Post