എട്ട് മാസത്തെ ശമ്പളം കുടിശ്ശിക; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥയുടെ സമരം...



*ബിഹാറിലെ ബക്‌സർ ജില്ലയിൽ നീണ്ട എട്ട് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് വനിതാ ഉദ്യോഗസ്ഥ ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി പ്രതിഷേധിച്ചു. ബ്രഹ്മപുർ ബ്ലോക്ക് ഓഫീസിലെ ഗ്രാമീണ വികസന ഓഫീസറായ അൽപിത സിങ് ആണ് വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ഭിക്ഷാപാത്രവുമായി ഓഫീസിനു മുന്നിൽ ഇരിക്കുന്ന ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

*തന്റെ 11 മാസത്തെ സേവനകാലയളവിൽ മൂന്ന് മാസത്തെ ശമ്പളം മാത്രമാണ് കൃത്യമായി ലഭിച്ചതെന്ന് അൽപിത സിങ് പറഞ്ഞു. ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടും കഴിഞ്ഞ എട്ട് മാസമായി ശമ്പളം ലഭിക്കാത്തത് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് കാരണമായതായി അവർ വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് തുടർച്ചയായി രണ്ട് ദിവസമാണ് ഇവർ ബ്രഹ്മപുർ ബ്ലോക്ക് ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി ഇരുന്നത്.

ബ്രഹ്മപുർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും ഗ്രാമീണ വികസന ഓഫീസറും തമ്മിലുള്ള തർക്കമാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ഇവരുടെ ആരോപണം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബക്‌സർ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥയുടെ ശമ്പളം തടഞ്ഞുവെച്ചതിൽ വിശദീകരണം നൽകാൻ ബിഡിഒയോട് ആവശ്യപ്പെടുകയും ചെയ്തു.

ചട്ടങ്ങൾ പാലിക്കാതെയും മേലധികാരിയുടെ അനുമതിയില്ലാതെയും ഒരു ജീവനക്കാരന്റെയും ശമ്പളം തടഞ്ഞുവെക്കാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
أحدث أقدم