എടിഎം ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ ; സൗജന്യ പരിധിയും ഫീസും സംബന്ധിച്ച് ആർബിഐയുടെ ഏകീകൃത ചട്ടങ്ങൾ



രാജ്യത്തെ എടിഎമ്മുകൾ വഴിയും വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ (PoS) ടെർമിനലുകൾ വഴിയും പണം പിൻവലിക്കുന്നതിനുള്ള ചട്ടങ്ങൾ ഏകീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ. നേരത്തെയുണ്ടായിരുന്ന 17 സർക്കുലറുകൾ പിൻവലിച്ചാണ് 2026ലെ ഏകീകൃത ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇടപാടുകളിലെ സുതാര്യതയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതിയ നിർദ്ദേശപ്രകാരം പ്രതിമാസ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയും അതിനുശേഷം ഈടാക്കുന്ന നിരക്കുകളും ബാങ്കുകൾ ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണം. ഇതിനായി പ്രത്യേക അലർട്ട് സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. ഓരോ എടിഎം കേന്ദ്രവും മെട്രോ മേഖലയിലാണോ നോൺ മെട്രോ മേഖലയിലാണോ എന്ന വിവരവും സ്ക്രീനിലൂടെയോ സ്റ്റിക്കറുകളിലൂടെയോ പ്രദർശിപ്പിക്കണം.

സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ തുടരും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളും നോൺ മെട്രോ മേഖലകളിൽ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങളും ഇടപാട് പരിധിയിൽ ഉൾപ്പെടും.

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും നികുതിക്ക് പുറമെ പരമാവധി 23 രൂപ വരെ ഈടാക്കാം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് ഒരു തവണ പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സാങ്കേതിക തകരാറോ എടിഎമ്മിൽ പണമില്ലാത്തതോ മൂലം പരാജയപ്പെടുന്ന ഇടപാടുകൾ സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ല.

വ്യാപാര സ്ഥാപനങ്ങളിലെ പിഒഎസ് മെഷീനുകൾ വഴി ഡെബിറ്റ് കാർഡ്, യുപിഐ, പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും പുതിയ ചട്ടങ്ങൾ ബാധകമാണ്. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ഒരു തവണ പരമാവധി 2,000 രൂപയും പ്രതിമാസം ആകെ 10,000 രൂപയും മാത്രമേ പിൻവലിക്കാൻ കഴിയൂ.

ഇതിനായി ഉപഭോക്താക്കളിൽനിന്ന് പിൻവലിക്കുന്ന തുകയുടെ ഒരു ശതമാനത്തിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാനും പാടില്ല.

കാർഡ് അധിഷ്ഠിത ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട 25 പഴയ സർക്കുലറുകൾ ഏകീകരിച്ചും ആർബിഐ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 5,000 രൂപ വരെയുള്ള കോൺടാക്റ്റ്‌ലെസ് കാർഡ് ഇടപാടുകൾക്ക് പിൻ നമ്പർ നിർബന്ധമില്ലെങ്കിലും ഇത്തരം ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നാണ് നിർദ്ദേശം.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്കെല്ലാം പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്.

Previous Post Next Post