കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിലെ പ്രതികൾ പൊതുകാര്യാലയങ്ങൾ വഹിക്കുന്നവരല്ലാത്തതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.
ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി അനിവാര്യമാണെന്ന നിലപാടിലായിരുന്നു ഹർജിക്കാർ. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള പ്രതികൾ പൊതുകാര്യാലയങ്ങൾ കൈകാര്യം ചെയ്യുന്നവരല്ലെന്നും അതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. കേസിൽ നിർണായകമാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രങ്ങൾ തയ്യാറായിരുന്നെങ്കിലും പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം കാരണം കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൈക്കോടതി ഉത്തരവോടെ എട്ടോളം കുറ്റപത്രങ്ങൾ ഇനി കോടതിയിൽ സമർപ്പിക്കാനാകും. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള പ്രതികൾക്കെതിരായ കേസുകളുടെ തുടർനടപടികൾക്ക് വഴിയൊരുക്കുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.