മൂന്ന് മാസമായി കാണാനില്ല; ശിവസൂര്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്



കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്. കുട്ടിയെ കാണാതായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മൊബൈൽ ഫോൺ വാങ്ങിവെച്ചതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കാശിയിലേക്ക് പോകുകയാണെന്ന് കത്തെഴുതിവെച്ച ശേഷമായിരുന്നു യാത്ര. ഏകദേശം 3,000 രൂപയും കുട്ടിയുടെ കൈവശമുണ്ടായിരുന്നു.

ശിവസൂര്യയ്ക്കായി വാരണാസി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ആദ്യഘട്ടത്തിൽ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ മാസം 17നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാൽ ക്രൈംബ്രാഞ്ചിനും കാര്യമായ പുരോഗതി കണ്ടെത്താനായില്ല. ഇതോടെയാണ് ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു

أحدث أقدم