മാന്നാർ : മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല കൊച്ചു തിരുമേനി )നൂറ്റി പതിനെട്ടാം ഓർമ്മ പെരുന്നാൾ ഒക്ടോബർ 26മുതൽ നവംബർ രണ്ടു വരെ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടക്കും.
പെരുന്നാൾ കൊടിയേറ്റ് ഒക്ടോബർ 26 ന് ഉച്ചക്ക് രണ്ട് മണിക്ക് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. തുടർന്ന് തീർത്ഥാടന വാരാഘോഷ ഉത്ഘാടനവും കാതോലിക്കാബാവ നിർവഹിക്കും. ഒക്ടോബർ 27ന് വൈകിട്ട് നാല് മണിക്ക് ഗ്രിഗോറിയൻ പ്രഭാഷണം പ്രശസ്ത സിനിമ സംവിധായകൻ ബ്ലസി നിർവഹിക്കും. തുടർന്ന് ഡോക്ടർ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.
ഒക്ടോബർ 28ന് വൈകുന്നേരം നാല് മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ജോഷി കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.
ഒക്ടോബർ 29 ന് വൈകുന്നേരം നാല് മണിക്ക് ആധ്യാത്മിക സൂഫി പ്രഭാഷകൻ പി എം എ സലാം മുസലിയാർ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും
ഒക്ടോബർ 30ന് രാവിലെ 10:30ന് അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാർത്ഥന യോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉപവാസ ധ്യാനം, സ്നേഹ സന്ദേശം ടീം നയിക്കുന്ന ഗാന ശുസ്രൂഷ എന്നിവ നടക്കും. തുടർന്ന് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോക്ടർ മാത്യുസ് ജോർജ് ചുനക്കര ഗ്രിഗോറിയൻ പ്രഭാഷണം നടത്തും
ഒക്ടോബർ 31ന് വൈകിട്ട് നാല് മണിക്ക് ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്താത്മജാനന്ദ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും
നവംബർ ഒന്ന് ഞായറാഴ്ച രാവിലെ ഡോക്ടർ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചക്ക് മൂന്നിന് തീർത്ഥാടന വരാഘോഷ സമാപന സമ്മേളനം ബസേലിയോസ് മാർത്തോമാ ദ്വിതീയൻ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.
നവംബർ രണ്ടിന് രാവിലെ എട്ട് മണിക്ക് കാതോലിക്കാ ബാവാ യുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും ശൈഹ്ലീക വാഴ്വും നടക്കും. പതിനൊന്നു മണിക്ക് സെമിനാർ നടക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മധ്യസ്ഥ പ്രാർത്ഥനയും രണ്ടു മണിക്ക് ഭക്തി നിർഭരമായ റാസയും കബറിങ്കൽ ധൂപ പ്രാർത്ഥന, ആശീർവാദം കഴിഞ്ഞു, കൊടി ഇറക്കുന്നതോടെ പെരുന്നാളിന് സമാപനമാകും.
സർക്കാർ നിബന്ധനകൾക്കും കോവിഡ് 19 പ്രോട്ടൊക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ പെരുന്നാൾ പരിപാടികളും അതിനോട് അനുബന്ധിച്ചുള്ള മറ്റു പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പദയാത്ര പൂർണമായും ഒഴിവാക്കിയതായും പെരുന്നാളിന്റെ പരിപാടികൾ ഗ്രിഗോറിയൻ ടിവി, കേരള വിഷൻ, എ സി വി, ചാനലുകളിൽ തത്സമയം സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ് എന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, പരുമല സെമിനാരി മാനേജർ ഫാദർ
എംസി കുരിയാക്കോസ് അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ അറിയിച്ചു.