തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സുരക്ഷ പൂര്ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) എൽപ്പിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ നിര്‌ദേശപ്രകാരമാണ് സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയെ ഏൽപ്പിക്കുന്നത്.
നിലവില് സെക്രട്ടേറിയറ്റ് കവാടങ്ങളിലും പ്രധാന ഓഫീസുകള്ക്കു പുറത്തും പ്രത്യേക സുരക്ഷാ ജീവനക്കാരും സായുധ പോലീസും കാവലുണ്ട്. ഇവരെ ഒഴിവാക്കിയാകും വ്യവസായ സുരക്ഷാ സേനയ്ക്ക് ചുമതല നല്കുക.
ഇതിനായി 81 പോലീസുകാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എസ്.ഐ.എസ്.എഫിലേക്ക് മാറ്റി. മൂന്ന് വര്ഷത്തേക്കാണ് നിയമനം. വനിതാ ബറ്റാലിയനിലെ ഒമ്പത് പേരും സംഘത്തിലുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ മാതൃകയില് സംസ്ഥാനം രൂപവത്കരിച്ച വിഭാഗമാണ് സംസ്ഥാന വ്യവസായ സുരക്ഷാ സേന.
ഇനിമുതല് കര്ശന സുരക്ഷാ പരിശോധനകള്ക്ക് ശേഷം മാത്രമേ സെക്രട്ടേറിയറ്റിലേക്ക് ആളുകകളെ പ്രവേശിപ്പിക്കു. മുന്കൂര് അനുമതിയില്ലാതെ സെക്രട്ടേറിയറ്റിനുള്ളില് കടന്നാല് നിയമനടപടിയുണ്ടാവും.