ഐപിഎൽ: മുംബൈ ഇന്ത്യൻസ് ഫൈനലിൽ, ഡൽഹിയെ തകർത്തത് 57 റൺസിന്





ഉജ്വല ജയത്തോടെ മുംബൈ ഇന്ത്യൻസ് ഐ പി എല്ലിൻ്റെ ഫൈനലിൽ. ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 57 റൺസിന് തകർത്താണ് മുംബൈയുടെ ഫൈനൽ പ്രവേശം. 201 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ എട്ടിന് 143 റൺസിൽ മുംബൈ ഒതുക്കിക്കൂട്ടി. മുംബൈയുടെ ടീം വർക്കിന് മുന്നിൽ ഡൽഹിക്ക് മറുപടിയുണ്ടായിരുന്നില്ല.

സ്കോർ:
മുംബൈ 200/5 (20)
ഡൽഹി 143/8 (20)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ ഡി കോക്ക് 40(25), സൂര്യകുമാർ യാദവ് 51(38) എന്നിവർ ചേർന്ന് ഇന്നിംഗ്സിന് അടിത്തറയിട്ടു. ഇരുവരും പുറത്തായപ്പോൾ സ്കോറിംഗിന് വേഗം കുറഞ്ഞു. പക്ഷെ പിന്നീട് ഒത്തുചേർന്ന ഇഷാൻ കിഷൻ-ഹർദിക് പാണ്ഡ്യ സഖ്യമാണ് മുംബൈയെ കൂറ്റൻ സ്കോറിലേയ്ക്ക് നയിച്ചത്. അവസാനഓവറുകളിൽ ഇരുവരും കത്തിക്കയറി. ഇഷാനും 55(30), പാണ്ഡ്യയും 37(14) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ സംപൂജ്യരായി മടങ്ങി. പൃഥ്വി ഷാ, ധവാൻ,രഹാനെ എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്താകുമ്പോൾ ഡൽഹിയുടെ സ്കോർബോർഡ് തുറന്നിരുന്നില്ല. ബുംറയും ബോൾട്ടും ചേർന്ന് ഡൽഹി മുൻനിരയെ തകർത്തെറിഞ്ഞു. സ്റ്റോയിനിസ് മാത്രമാണ് പൊരുതിയത്. 46 പന്തിൽ 65 റൺസെടുത്ത് സ്റ്റോയിനിസ് പുറത്താകുമ്പോഴും ഡൽഹി ജയത്തിന് അടുത്തെങ്ങും എത്തിയിരുന്നില്ല. അക്ഷർ പട്ടേലും(33 പന്തിൽ 42) മുംബൈ ബൗളിംഗിനെ പ്രതിരോധിച്ചു. ശ്രേയസ് അയ്യർ(12), ഋഷഭ് പന്ത്(3),സാംസ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. നാലോവറിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ബുംറയാണ് ഡൽഹിയെ തകർത്തത്. ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. ബാംഗ്ലൂർ-ഹൈദരാബാദ് എലിമിനേറ്റർ മത്സരവിജയിയെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി നേരിടും.


Previous Post Next Post