ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന് വേണ്ടിയുള്ള ലീഗിന്റെ അവകാശവാദം മുന്നണി അംഗീകരിച്ചില്ല




കോട്ടയം: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന് വേണ്ടിയുള്ള ലീഗിന്റെ അവകാശവാദം മുന്നണി അംഗീകരിച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ അടുത്ത തവണ നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പിന്‍മേല്‍ ജില്ലാ പഞ്ചായത്ത് സീറ്റിന് വേണ്ടിയുള്ള അവകാശവാദം ലീഗ് ഉപേക്ഷിച്ചു. മുമ്പ് മത്സരിച്ച കാഞ്ഞിരപ്പള്ളി തിരിച്ച് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ വരെ ലീഗ് ജില്ലാ നേതൃത്വം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദത്തിന് മുന്നില്‍ ലീഗ് പിന്നോക്കം പോകുകയായിരുന്നു.

ലീഗിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പരിഗണന നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും കൂടുതല്‍ സീറ്റുകള്‍ ലീഗിന് നല്‍കാനാവില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.


ജില്ലാ പഞ്ചായത്തില്‍ കാഞ്ഞിരപ്പള്ളി, എരുമേലി ഏതെങ്കിലും ഒരു ഡിവിഷന്‍ വേണമെന്നായിരുന്നു ലീഗ് തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തതോടെ കാഞ്ഞിരപ്പള്ളി ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ച് നിന്നു. കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും ഒറ്റക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ ലീഗ് ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തില്‍ നിന്ന്  പിന്തുണ ലഭിച്ചില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദത്തിന് മുന്നില്‍ സീറ്റിനായുള്ള അവകാശവാദം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 13 സീറ്റിലും കേരള കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും.

Previous Post Next Post