കോടതിയലക്ഷ്യ ഹർജികൾ തീർപ്പാക്കി
കൊച്ചി: മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന് ആനുപാതികമായി ആറുമാസത്തിനകം പി.എഫ്. പെൻഷൻ നൽകണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബർ 12-ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ.എം. ഷെഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദേശം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യംചെയ്തുള്ള എൺപതോളം കോടതിയലക്ഷ്യഹർജികൾ തീർപ്പാക്കിയാണ് ഈ നിർദേശം.
സുപ്രീംകോടതിയിൽ ഇ.പി.എഫും കേന്ദ്ര തൊഴിൽമന്ത്രാലയവും നൽകിയിരിക്കുന്ന ഹർജികളുടെ തീർപ്പിനു വിധേയമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യഹർജിയിൽ കക്ഷിചേർന്ന നാനൂറോളം പേരുടെ കാര്യത്തിലാണ് ഇപ്പോഴത്തെ നിർദേശം ബാധകം. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ, എച്ച്.ഒ.സി., എച്ച്.എൻ.എൽ. തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടുവർഷംമുന്പ് ഹൈക്കോടതി ഡിവിഷൻബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) തയ്യാറായില്ല. കോടതിയലക്ഷ്യ കേസ് ഫയൽചെയ്തതിനെ തുടർന്ന് കുറെയധികം ആളുകൾക്ക് ഇതിനനുസരിച്ചുള്ള പെൻഷൻ നൽകി. ഇതിനുപിന്നാലെ ഇ.പി.എഫ്.ഒ. സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും ഇത് തള്ളി. തുടർന്നു പുനഃപരിശോധനാഹർജി നൽകി. ഇതോടൊപ്പം കേന്ദ്ര തൊഴിൽമന്ത്രാലയവും സുപ്രീംകോടതിയെ സമീപിച്ചു. ഇവ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതിന്റെ പേരിൽ ഇ.പി.എഫ്. സെൻട്രൽ കമ്മിഷണർ ഉയർന്ന പെൻഷൻ നൽകേണ്ടതില്ലെന്ന സർക്കുലർ ഇറക്കി. തുടർന്നാണ് ഹൈക്കോടതിയിൽ വീണ്ടും കോടതിയലക്ഷ്യഹർജി ഫയൽ ചെയ്തത്. ഇ.പി.എഫ്. പെൻഷൻ നടപ്പാക്കുന്നതിനുമുൻപ് ഒരാൾക്ക് ലഭിച്ചിരുന്ന പെൻഷൻ 1500 മുതൽ 3000 വരെ രൂപയായിരുന്നു. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുമ്പോൾ ഇത് ഗണ്യമായി വർധിക്കും. ഉയർന്ന പെൻഷൻ നൽകാൻ പര്യാപ്തമായ തുക കൈവശമില്ലെന്നാണ് ഇ.പി.എഫ്.ഒ.യുടെ വാദം.