തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. സർക്കാർ ഡോക്ടർമാരുടെ ബോർഡ് മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കണം. ഇബ്രാംഹികുഞ്ഞിന്‍റെ കസ്റ്റഡി, ജാമ്യാപേക്ഷകൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുന്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ സംഘത്തിലുണ്ടാകും. ഇവരുടെ റിപ്പോർട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ അപേക്ഷയിൽ കോടതി തീരുമാനം എടുക്കുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി മുറിയ്ക്ക് പൊലീസ് കാവലുണ്ട്.
ഇതിനിടെ വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. നിർമ്മാണ കരാർ, ആർഡിഎസ് കന്പനിയ്ക്ക് നൽകാൻ മന്ത്രി ഗൂഢാലോചന നടത്തി. ഇതിലൂടെ 13 കോടിയിലേറെ രൂപയുടെ നഷ്ടം സർക്കാരിനുണ്ടായി. പാലം പണിയ്ക്കായി നൽകിയ അഡ്വാൻസ് തുകയുടെ പലിശ ഏഴ് ശതമാനമായി കുറച്ച് നൽകിലൂടെ സർക്കാരിനുണ്ടായ നഷ്ടം 85 ലക്ഷം രൂപ. ചന്ദ്രിക പത്രത്തിൽ നിക്ഷേപിച്ച നാലരക്കോടി രൂപ കമ്മീഷൻ തുകയാണോ എന്ന് സംശയമുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.ആരോപണങ്ങൾ ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകൻ നിഷേധിച്ചു.