ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്


ദേശീയപാതയില്‍ തൃപ്രയാര്‍- വലപ്പാട് ബൈപ്പാസില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കൂരിക്കുഴി മേലറ്റത്ത് ജംഷീദ് (17), സഹോദരന്‍ റംഷീദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏതാനും പേര്‍ക്ക് നിസാര പരിക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനവിഴുങ്ങിക്കു സമീപം ഇന്നലെ  വൈകീട്ട് 5.15 ഓടെയാണ് അപകടം. മഞ്ചേരിയില്‍ വിവാഹം കഴിഞ്ഞ് വരന്റെ നാടായ കയ്പ്പമംഗലം കുരിക്കുഴിയിലേയ്ക്ക് തിരിച്ചു വരികയായിരുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്.

വലപ്പാട് ആന വിഴുങ്ങി ബൈപാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടയില്‍ മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറി കടക്കാന്‍ കാര്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുന്‍വശത്ത് ഇടിച്ച കാര്‍ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള വീടിനു മുന്നിലിടിച്ച് തകര്‍ന്നു. വീടിന്റെ മുന്‍ വശം പാടെ തകര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകക്കു താമസിക്കുന്ന വീടായിരുന്നു. അവരെല്ലാം ജോലിക്കു പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Previous Post Next Post