കണ്ണൂരിൽ പിണറായിയിൽ തിരഞ്ഞെടുപ്പ് പോസ്റ്റർ പ്രചാരണത്തെച്ചൊല്ലി തർക്കം. സി.പി.എം., ബി.ജെ.പി. പ്രവർത്തകർ| തമ്മിൽ സംഘർഷവും ബോംബേറും
സംഭവത്തിൽ ഇരുവിഭാഗങ്ങളിൽനിന്നായി ആറുപേർക്ക് പരിക്കേറ്റു. നാല് ബി.ജെ.പി. പ്രവർത്തകരും രണ്ട് സി.പി.എം. പ്രവർത്തകരുമാണ് ആശുപത്രിയിൽ ചികിത്സതേടിയിട്ടുള്ളത്.
ബി.ജെ.പി. പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്റെ ടയറിൽ ബോംബിന്റെ ചീളുകൾ തുളഞ്ഞുകയറിയിട്ടുണ്ട്.
ചേരിക്കൽ കുംബള ബസാറിൽ പി. വൈശാഖ് (26), പുത്തൻ പുരയിൽ വീട്ടിൽ ടി.സി. അക്ഷയ് (24), പിണറായി പൃത്തിക്കാവുള്ളം വീട്ടിൽ പി. നിഖിൽ (28), വെണ്ടുട്ടായി മാവിലവീട്ടിൽ ടി.കെ. അശ്വത്ത് (25) എന്നീ ബി.ജെ.പി. പ്രവർത്തകർക്കും അഹദ് (36) പ്രയാഗ് (25) എന്നീ സി.പി.എം. പ്രവർത്തകർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ബി.ജെ.പി. പ്രവർത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും സി.പി.എം. പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചേരിക്കൽ കുംബള ബസാറിൽ മതിലിൽ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഞായറാഴ്ച വൈകിട്ട് 3.30 ഓടെ സംഘർഷത്തിൽ എത്തിയത്. സി.പി.എം. ബുക്ക് ചെയ്ത സ്ഥലത്ത് ബി.ജെ.പി. സ്ഥാനാർഥിയുടെ പോസ്റ്റർ പതിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് സി.പി.എം ആരോപണം.
എന്നാൽ സി.പി.എം. ശക്തികേന്ദ്രത്തിൽ ബി.ജെ.പി. പോസ്റ്റർ പതിച്ച യുവാക്കളെ ഏകപക്ഷീയമായി മർദിക്കുകയായിരുന്നെന്നും പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകരെ സന്ദർശിക്കാനെത്തിയവർക്കു നേരെ സി.പി.എം ബോംബെറിയുകയായിരുന്നെന്നുമാണ് ബി.ജെ.പി. ആരോപണം.