.
കട്ടപ്പന: നരിയംപാറയിലെ പീഡനക്കേസ് പ്രതി ഓട്ടോ ഡ്രൈവറായിരുന്ന മനു മനോജിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ്.
ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അവർ അറിയിച്ചു.
‘മനു മനോജും പെൺകുട്ടിയും പ്രണയത്തിലായിരുന്നു, പ്രായപൂർത്തിയായാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണ്, പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിലെന്ന് അച്ഛൻ പറഞ്ഞു.
ഗ്രില്ലില്‍ തോര്‍ത്ത് കെട്ടി കഴുത്തില്‍ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല. തോര്‍ത്തില്‍ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തില്‍ മുറിവുണ്ടാകുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിക്കുന്നു. വ്യാഴാഴ്ചയാണ് നരിയം പാറ പീഡനക്കേസിലെ പ്രതിയായ മനു മനോജിനെ ജയിലിലെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തോര്‍ത്തും ഉടുമുണ്ടും കൂട്ടികെട്ടിയാണ് മനു ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.
മരിച്ച മനു മനോജിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടന്നു. കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ ആയിരുന്ന പ്രതി മനൂ മനോജിനെ സംഭവത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.