തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തൽ. വയനാട്ടിൽ കോവിഡ് മുക്തരായവരിൽ അമിത ക്ഷീണവും കിതപ്പും കണ്ടെത്തി. 140ലേറെപ്പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കോവിഡ് ഭേദമായിട്ടും 14 ശതമാനം പേർക്കും ശ്വാസംമുട്ടൽ ഉണ്ടെന്നും രോഗം ഭേദമായ നൂറിൽ ഏഴു പേർക്ക് വീതം എന്ന കണക്കിൽ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തി.
കോവിഡ് ഭേദമായ പ്രമേഹ രോഗികളിൽ കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്നും ഇതെല്ലാം മുൻ നിർത്തി കോവിഡ് മുക്തരിലെ മരണ നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പ്രത്യേക കണക്കെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.