കാണ്‍പൂർ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ ആന്തരാവയവങ്ങൾ എടുത്തുമാറ്റിയ നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്.
ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്തുനിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങൾ ഇല്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ആഭിചാര കർമ്മങ്ങൾക്കായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ പരശുരാം കുരിൾ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പരശുരാം, ബന്ധു അങ്കുൽ കുരിൾ, സുഹൃത്ത് ബിരാൻ എന്നിവരാണ് അറസ്റ്റിലായത്.
മദ്യപിച്ച് ലക്കുകെട്ട അങ്കുൽ, ബീരാൻ എന്നിവർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടർന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. അവയവങ്ങൾ എടുത്തുമാറ്റിയശേഷം മൃതദേഹം സമീപത്തെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാനുതകുന്ന നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനോട് ആവശ്യപ്പെട്ടു. കേസിൽ ഉടനടി വിചാരണ പൂർത്തിയാക്കാൻ അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സർക്കാർ അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.