ഹൈദരബാദിന് മാസ് എൻട്രി
മുംബൈയ്ക്കെതിരെ ജയം പത്ത് വിക്കറ്റിന്
*കൊൽക്കത്ത പുറത്ത്
ഐ പി എൽ പോയൻ്റ് പട്ടികയിലെ ഒന്നാമൻ മുംബൈ ഇന്ത്യൻസിനെ പത്ത് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നു. മുംബൈ ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 17.1 ഓവറിൽ ഹൈദരാബാദ് മറികടന്നു. ബൗളിംഗിലും ബാറ്റിംഗിലും മുംബൈയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവച്ചത്. ഹൈദരാബാദിൻ്റെ വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
സ്കോർ:
മുംബൈ 149/8 (20)
ഹൈദരാബാദ് 151/0 (17.1)
പ്ലേ ഓഫിലെത്താൻ വിജയത്തിൽ കുറഞ്ഞതൊന്നും സഹായകമാകില്ലെന്ന തിരിച്ചറിവിലാണ് ഹൈദരാബാദ് ഇറങ്ങിയത്. ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിംഗിന് അയച്ചു. പരിക്കിന് ശേഷം തിരിച്ചെത്തിയ നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഡി കോക്ക് 25(13), സൂര്യകുമാർ യാദവ് 36(29), ഇഷാൻ കിഷൻ 33(30) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് ബൗളർമാർ മുംബൈയെ പിടിച്ചുകെട്ടി. ഒടുവിൽ പൊള്ളാർഡിൻ്റെ കൂറ്റനടികളാണ് മുംബൈയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 25 പന്തിൽ 41 റൺസെടുത്ത പൊള്ളാർഡാണ് മുംബൈയുടെ ടോപ് സ്കോറർ. ഹൈദരാബാദിനായി സന്ദീപ് ശർമ്മ മൂന്നും ഹോൾഡർ,നദീം എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഹൈദരാബാദിനായി നായകൻ ഡേവിഡ് വാർനറും വൃദ്ധിമാൻ സാഹയും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ബുംറയും ട്രെൻ്റ് ബോൾട്ടും ഇല്ലാത്ത മുംബൈ ബൗളിംഗ് നിരയ്ക്ക് ഇരുവരും ഒരു സാധ്യതയും നൽകിയില്ല. വാർനർ 85(58) റൺസും സാഹ 58(45) റൺസുമെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് എത്തി. പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സാണ് ഹൈദരാബാദിൻ്റെ എതിരാളികൾ.