വാട്സാപ്പ് വഴി കോപ്പിയടി; ബി.എസ്‌സി. നഴ്സിങ് പരീക്ഷ റദ്ദാക്കി

തൃശ്ശൂർ: ആരോഗ്യ സർവകലാശാല ബുധനാഴ്ച നടത്തിയ മൂന്നാംവർഷ ബി.എസ്‌സി. നഴ്സിങ് സപ്ലിമെൻററി തിയറി പരീക്ഷ കോപ്പിയടിയെത്തുടർന്ന് റദ്ദാക്കി. അധ്യാപകരും വിദ്യാർഥികളും അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലാണ് പരീക്ഷാ സമയത്തുതന്നെ ചോദ്യക്കടലാസിലേതിനു സമാനമായ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന സന്ദേശമെത്തിയത്.

ഇത് പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്നേ പ്രചരിച്ചതാണെന്നു കണ്ടെത്തി.
ഇത് കൂട്ടായ്മയിലുണ്ടായിരുന്ന പരീക്ഷാ നോഡൽ ഓഫീസറുടെ ശ്രദ്ധയിൽ വന്നതോടെ പരീക്ഷാ കൺട്രോളറെ അറിയിച്ചു. പരീക്ഷ നടന്നുകൊണ്ടിരിക്കേ ചിലയിടങ്ങളിൽ ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട ചോദ്യങ്ങൾക്കൊപ്പമുണ്ടായിരുന്ന ഉത്തരം എഴുതിയതും കണ്ടെത്തി.

പരീക്ഷ നടന്നുകൊണ്ടിരിക്കേ ബുധനാഴ്ച 10.30-ന് പരീക്ഷ റദ്ദാക്കിയതായി ഉത്തരവിട്ടു.സർ‍വകലാശാല സൈബർ സെല്ലിൽ പരാതിപ്പെട്ടു. 2016 സ്കീമിലെ ചൈൽഡ് ഹെൽ‌ത്ത് ഇൻ നഴ്സിങ് എന്ന പരീക്ഷയാണ് നടന്നത്.
Previous Post Next Post