ഭോപ്പാൽ : രക്ഷാ പ്രവർത്തനങ്ങൾ വിഫലമായി. മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരിച്ചു. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെയാണ് പ്രഹ്ലാദിനെ പുറത്ത് എടുക്കാനായത്. ഈ സമയം കുട്ടി മരിച്ചിരുന്നതായി മെഡിക്കൽ സംഘം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് 58 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്.
എന്നാൽ അതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചുള്ള രക്ഷാപ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നത്.