ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയില്‍ അജ്ഞാത രോഗത്തിന്റെ കാരണം പുറത്ത് വിട്ട് എയിംസ്. രോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശമെന്ന് റിപ്പോര്‍ട്ട്. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ളത്തിലും ഇവയുടെ അംശമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രാപ്രദേശിലെ ഏലൂരിലെ പ്രദേശവാസികള്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചത്. ഇതുവരെ 500നടുത്ത് ആളുകള്‍ക്ക് രോഗബാധയുണ്ടായി. ഡിസംബര്‍ അഞ്ചു മുതലാണ് രോഗം പിടിപെട്ട് തുടങ്ങിയത്.
എന്നാൽ രോഗം പിടിപെട്ടവരില്‍ 45 ലധികവും 12 വയസില്‍ താഴെയുള്ള കുട്ടികളാണ്. എല്ലാവര്‍ക്കും അപസ്മാരത്തിന് സമാനമായ രോഗലക്ഷണമാണ് കാണിക്കുന്നത്. പലര്‍ക്കും ഛര്‍ദ്ദിയും തളര്‍ച്ചയും ഉണ്ട്. വിവിധ ഡോക്ടര്‍മാരുടെ സംഘം രോഗത്തെക്കുറിച്ച് പഠിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിലാണ് രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി അറിയിച്ചത്. എംയിസിലെ ഡോക്ടര്‍മാരുടെ സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും ഉടന്‍ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്ന.
രോഗികളുടെ ശരീരത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശങ്ങള്‍ എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.