ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കിമീ വരെയുമാണ്.
അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി (Depression) മാറുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. അതിന് ശേഷം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദം (Depression) കൂടുതൽ ദുർബലമായി ന്യൂനമർദമായി (Low Pressure Area) ആയി മാറുമെന്നാണ് പ്രവചനം.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.