ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പേട്ടതുള്ളലിനായി അമ്പലപ്പുഴ അയ്യപ്പഭക്തസംഘം എട്ടിന് പുറപ്പെടും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 ഭക്തരാണ് സംഘത്തിൽ ഉണ്ടാകുക. കോവിഡിൻ്റെ പശ്ചാത്തലത്തിൽ 50 പേർക്ക് മാത്രമാണ് ദേവസ്വം ബോർഡ് അനുമതി നൽകിയിരിക്കുന്നത്.
രഥയാത്രയും പമ്പാസദ്യയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശമുള്ളതിനാൽ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഇത്തവണ തീർത്ഥാടനത്തിന് ഉണ്ടാകില്ല. അമ്പലപ്പുഴ കരയുടെ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയാണ് യാത്ര നയിക്കുക. യാത്ര പുറപ്പെടും മുമ്പ് സംഘാംഗങ്ങൾ ആൻ്റിജൻ പരിശോധനയും 12 ന് എരുമേലിയിൽ ആർ ടി പി സി ആർ പരിശോധനയും നടത്തും.
കാറുകളിലാണ് യാത്ര. 11 നാണ് എരുമേലി പേട്ടതുള്ളൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പേട്ടതുള്ളൽ. 14 ന് മകരവിളക്ക് ദർശനവും 15 ന് ശീവേലി എഴുന്നള്ളത്തും കർപ്പൂരാഴിയും നടത്തി സംഘം മലയിറങ്ങും.