കോട്ടയം: സംസ്ഥാനത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടര്‍ക്കഥയാകുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വളര്‍ത്തുപൂച്ചയുടെ വലത് കൈ മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. പ്രാവിനെ കഴുത്ത് അറുത്ത് കൊന്നതും, നായയെ ഓടുന്ന കാറിന്റെ പുറകില്‍ കെട്ടിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതും, ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായ ക്രൂരതകള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സമാനമായ ക്രൂരത പുറത്തുവരുന്നത്.
ആറ് മാസം മാത്രം പ്രായമുള്ള പൂച്ചക്കുട്ടിയുടെ കൈയ്യാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അക്രമി വെട്ടിമാറ്റിയത്. മുളക്കുളം സ്വദേശി മണികണ്ഠന്‍ വളര്‍ത്തുന്ന പൂച്ചയോടാണ് അജ്ഞാതര്‍ ക്രൂരത കാണിച്ചത്. ആരാണ് ക്രൂരതയ്ക്ക് പിന്നില്‍ എന്നത് വ്യക്തമല്ല. ചോര വാര്‍ന്ന് പൂച്ച കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് അവശനിലയില്‍ കിടക്കുന്നതാണ് ഉടമസ്ഥന്‍ കണ്ടത്.
മണികണ്ഠനും ഭാര്യ ബിന്ദുവും ഉടന്‍ തന്നെ പൂച്ചയെ മൃഗാശുപത്രിയിലെത്തിച്ച് മുറിവ് വെച്ചുകെട്ടി. തങ്ങളുടെ പൂച്ചയെ ക്രൂരമായി ആക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.