ജോസ് കെ. മാണി രാജ്യസഭ എം.പി. സ്ഥാനം ഇന്ന് തന്നെ രാജി വെക്കുമെന്ന് സൂചന



കോട്ടയം: ജോസ് കെ. മാണി രാജ്യസഭ എം.പി. സ്ഥാനം ഇന്ന് തന്നെ രാജിവെച്ചേക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകൾ. ഗുജറാത്തിലെ രാജ്യസഭ ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.


ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ ജോസ് കെ. മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റിൽ ആര് മത്സരിക്കണമെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി.കെ. സജീവ്, സ്റ്റീഫൻ ജോർജ്, പി.ടി. ജോസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ നേടിയ എം.പി.സ്ഥാനം ജോസ് കെ. മാണി രാജിവെക്കാത്തതിനെ ചൊല്ലി വലിയ വിമർശനം കോൺഗ്രസ് ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ. മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത പാർട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ജോസ് കെ. മാണിയുടെ തീരുമാനം.


Previous Post Next Post