പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും ജാഗ്രതാ സംവിധാനം സജീവമാക്കി






കോട്ടയം നീണ്ടൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും ആരോഗ്യ വകുപ്പ് ജാഗ്രതാ സംവിധാനം സജീവമാക്കി.

 മനുഷ്യരിലേക്ക് രോഗം പകരുന്നതിനെതിരായ പ്രതിരോധ നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
ഇവിടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ 124 വീടുകളിലായി 512 ആളുകളാണുള്ളത്. 

ഇവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് രണ്ടു പേര്‍ വീതം അടങ്ങുന്ന എട്ടു ടീമുകളെ വകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനം പത്തു ദിവസം തുടരും. ആവശ്യമെങ്കില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവിലേക്ക് നിരീക്ഷണം  വ്യാപിപ്പിക്കും.  ഓണന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  മുന്‍കരുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മുന്‍പ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കുമരകം, ആര്‍പ്പൂക്കര, കുടവെച്ചൂര്‍,അയ്മനം മേഖലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തിവരുന്നു.


أحدث أقدم