സ്പീക്കറുടെ ശ്രമം അന്വേഷണം അട്ടിമറിക്കാന്‍ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാചട്ടങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് ചെന്നിത്തല


തിരുവനന്തപുരം: നിയമ വ്യവസ്ഥ പരിപാലിക്കാന്‍ ബാദ്ധ്യസ്ഥനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുര്‍വ്യാഖാനം ചെയ്ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ശ്രമം അന്വേഷണം അട്ടിമറിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

തനിക്ക് ഭയമില്ലെന്നാണ് സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറയുന്നത്. ഭയമില്ലെങ്കില്‍ എന്തിനാണ് തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താന്‍ സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്പീക്കര്‍ക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നേരത്തെ ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില ഫയലുകള്‍ ഇ ഡി ആവശ്യപ്പെട്ടപ്പോള്‍ നിയമസയുടെ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി അത് തടയാനുളള ശ്രമമുണ്ടായി. അന്ന് എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ യോഗം അസാധാരണമായി പ്രീപോണ്‍ഡ് ചെയ്ത് വിളിച്ചാണ് ആ പ്രശ്‌നത്തില്‍ നടപടി സ്വീകരിച്ചത്. ആ അട്ടിമറി ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെയും കാണാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഡോളര്‍ കടത്ത് പോലുളള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണ്. നിയമസഭാ സമാജികര്‍ക്കുളള ഭരണഘടനാ പ്രകാരമുളള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടേയും സ്പീക്കറുടെ ഓഫീസിന്റേയും നിലപാട് സ്വാഗതാര്‍ഹമല്ല. കേരള നിയമസഭയില്‍ തന്നെ ഇതുസംബന്ധിച്ച് മുമ്പ് റൂളിംഗ് ഉണ്ടായിട്ടുളളതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Previous Post Next Post