കാർഷിക നിയമം കൂടിയോലോചന നടത്തിയത് ആരോട്?; മറുപടി നൽകാതെ ഒഴിഞ്ഞ് മാറി കേന്ദ്ര സർക്കാർ



ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പട്ട് നടന്ന കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ കേന്ദ്ര കൃഷിമന്ത്രാലയം. വിഷയം കോടതിക്കു മുന്‍പാകെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി നിഷേധിച്ചിട്ടുള്ളത്. 

വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജാണ് വിഷയത്തില്‍ ഡിസംബര്‍ 11ന് അപേക്ഷ സമര്‍പ്പിച്ചത്. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങളാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. മറുപടി നല്‍കേണ്ടിയിരുന്ന 30 ദിവസത്തെ കാലാവധിക്കുള്ളില്‍, കേന്ദ്രകൃഷി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ രണ്ട് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അഞ്ജലിയുടെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം കൂടിയാലോചനകള്‍ നടന്നതിനെ കുറിച്ച് രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഇത്. 

ഇതിനു ശേഷം ജനുവരി 13ന് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍നിന്ന് ലഭിച്ച മറുപടിയിലാണ്, വിഷയം ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും മുന്‍പാകെ ആയതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
Previous Post Next Post