തിരുവനന്തപുരം: വാളയാർ കേസ് സി ബിഐക്ക് വിടാൻ സർക്കാർ തീരുമാനം. സിബിഐക്ക് വിടണമെന്ന് പെൺകുട്ടികളുടെ അമ്മ അപേക്ഷ നൽകിയിരുന്നു.ഇതിൽ സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ‘വിചാരണ പ്രഹസന’മാണ് അവിടെ നടന്നതെന്ന രൂക്ഷ പരാമർശവും ഹൈക്കോടതി നടത്തി. പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നു വിചാരണക്കോടതിയിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. തുടരന്വേഷണം ആവശ്യമെങ്കിൽ സർക്കാരിനു കീഴ്ക്കോടതിയിൽ അപേക്ഷ നൽകാമെന്നും വ്യക്തമാക്കി.