കോവിഡ് പ്രതിസന്ധിയിലും വിമാന ടിക്കറ്റില്‍ പ്രവാസികളെ പിഴിഞ്ഞ് എയര്‍ ഇന്ത്യ


ദോഹ: കോവിഡ് പ്രതിസന്ധിയില്‍ വിമാനയാത്ര സാധ്യമാകാത്തവര്‍ക്ക് ടിക്കറ്റിന്റെ തുക പൂര്‍ണമായും മടക്കി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും വിചിത്രനിലപാടുമായി എയര്‍ ഇന്ത്യ. ഗള്‍ഫിലെ യാത്രക്കാരെ വലക്കുന്ന രൂപത്തിലാണ് എയര്‍ ഇന്ത്യ നിലപാടുകളെന്ന് വ്യാപക പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരോട് തുക മടക്കി നല്‍കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍വിസ് ചാര്‍ജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നല്‍കാമെന്നും പറയുന്നു. ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കില്‍ ആ തുക യാത്രക്കാര്‍ വഹിക്കണം.

എന്നാല്‍, കുറവാണെങ്കില്‍ ആ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കില്ലെന്നുമുള്ള വിചിത്ര വാദവും കമ്പനി അധികൃതര്‍ ഉയര്‍ത്തുന്നു. കമ്പനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫീസുകളില്‍ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ റീ ഫണ്ട് പോളിസി ഇതാണെന്നും ഇങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നുമാണ് കമ്പനിയുടെ നിലപാട്. കോവിഡ് സാഹചര്യമായതിനാലും സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള പ്രതികൂല സാഹചര്യമായതിനാലും യാത്രക്കാര്‍ നിയമനടപടിക്ക് പോകില്ലെന്ന് കണക്കുകൂട്ടിയാണ് കമ്പനി ഈ നിലപാട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈയടുത്ത് തങ്ങളുടെ സമ്മര്‍ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റെടുക്കുകയും യാത്ര ചെയ്യാന്‍ പറ്റാതെയാവുകയും ചെയ്ത നിരവധി പേര്‍ ഇതോടെ യാത്രാതീയതി മാറ്റാന്‍ കമ്പനിയെ സമീപിക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം സമാന അനുഭവം കണ്ണൂര്‍ സ്വദേശിക്കും ഉണ്ടായി.

2020 ജൂണില്‍ ഇദ്ദേഹം കണ്ണൂരിലേക്ക് മടക്ക ടിക്കറ്റടക്കം 1748 റിയാലിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതേ ടിക്കറ്റിന് റിട്ടേണടക്കം 1422 റിയാലാണ് കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നത്. എന്നാല്‍, യാത്ര ആരംഭിക്കുന്ന ദിശയില്‍ അതായത് ദോഹയില്‍നിന്ന് കണ്ണൂരിലേക്ക് നിലവിലുള്ള തുകയല്ല പരിഗണിക്കുക എന്നും മുമ്പ് അതായത് 2020 ജൂണില്‍ ബുക്ക് ചെയ്തപ്പോഴുള്ള ഉയര്‍ന്ന നിരക്ക് ഇപ്പോള്‍ നല്‍കണമെന്നുമായിരുന്നു മറുപടി. ഇതേ നയം കണ്ണൂരില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്ക് പരിഗണിക്കുന്നുമില്ല. അതായത്, കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് ഇപ്പോള്‍ ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് കൂടുതലാണ്. 2020 ജൂണില്‍ കുറവുമായിരുന്നു.

എന്നാല്‍, ഈ കുറഞ്ഞ തുകയല്ല ഇപ്പോഴത്തെ യാത്രക്ക് വേണ്ടതെന്നും നിലവിലുള്ള കൂടിയ തുക തന്നെ വേണമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇക്കാര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ തങ്ങളുടെ റീഫണ്ട് പോളിസി ഇത്തരത്തിലാണെന്നും ഇതിനാല്‍ 299 റിയാല്‍ കൂടി അടക്കണമെന്നും കണ്ണൂര്‍ സ്വദേശിയോട് പറഞ്ഞു. എന്നാല്‍, ദോഹ ഓഫിസില്‍ നേരിട്ട് ചെന്നപ്പോള്‍ 165 റിയാല്‍ മാത്രം കൂടുതല്‍ അടച്ച് പുതിയ തീയതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുമായി.

ഇത് പ്രകാരം ഇദ്ദേഹം അടുത്ത ജൂണിലേക്കാണ് ടിക്കറ്റ് മാറ്റിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ യാത്രാവിഭാഗം തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഇന്‍ഡിഗോ അടക്കമുള്ള വിമാനകമ്പനികള്‍ നേരത്തേ എടുത്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയും ക്രെഡിറ്റ് ഷെല്‍ എന്ന സംവിധാനത്തിലേക്ക് മാറ്റുകയും യാത്രക്കാര്‍ക്ക് ആ തുക ഉപയോഗിച്ച് നിരുപാധികം ഏത് റൂട്ടിലേക്കും ഏതുസമയത്തും ടിക്കറ്റെടുക്കാനുള്ള സൗകര്യം നല്‍കുന്നുമുണ്ട്.
കുടുംബത്തിലെ നാലുപേര്‍ ടിക്കറ്റ് എടുത്താലും 150ഓളം റിയാല്‍ ഒരു ടിക്കറ്റിന് കുറവ് വരുത്തിയാണ് കാന്‍സല്‍ ചെയ്യാനാകുന്നത്. കഴിഞ്ഞദിവസം എറണാകുളം സ്വദേശിക്ക് ഇതേ അനുഭവം ഉണ്ടായി.ചുരുങ്ങിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരടക്കം ഇതോടെ വന്‍ സാമ്പത്തിക പ്രയാസത്തിലാണ്. അതേസമയം, ഇന്ത്യയില്‍നിന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് കമ്പനി തുക തിരിച്ചുനല്‍കിയത്രേ. ഗള്‍ഫ്‌രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റ് എടുത്തവരാണ് വലയുന്നത്.

ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തവരും ദുരിതത്തിലാണ്. നടപടിക്രമങ്ങളുടെ പലവിധ നൂലാമാലകളാണ് ഇവര്‍ അനുഭവിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച പ്രതികരണം ലഭിക്കാന്‍ ബന്ധപ്പെടുമ്പോള്‍ കമ്പനി അധികൃതര്‍ ഗൗനിക്കുന്നുമില്ല.
Previous Post Next Post