കോവിഡിൻ്റെ മറവിൽ ചില സ്വകാര്യ ആശുപത്രികൾ നടത്തിവരുന്ന പകൽക്കൊള്ള തുറന്നു കാണിക്കുന്നത് ചലച്ചിത്ര നടനും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ഏബ്രഹാം കോശിയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കേരളത്തിൽ അരങ്ങേറി വരുന്ന പകൽക്കൊള്ള ഈ 69കാരൻ വിവരിക്കുന്നത്.
ഏബ്രഹാം കോശി വീഡിയോയിൽ പറയുന്നത്...
തനിക്ക് ജനുവരി 28ന് കൊറോണ സ്ഥിരീകരിച്ച ശേഷം മാമംഗലത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രവേശിപ്പിച്ചു. ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് സംശയിച്ച് ജനുവരി 30 ന് ഇതേ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അവർക്കും രോഗം സ്ഥിരീകരിച്ചു. തുടർന്ന് മൂന്നു പേരെയും ഒരു മുറിയിലാക്കി. എ സി മുറിയാണ് ലഭിച്ചത്, ദിവസവാടക IO, 300 രൂപ. മുറി വാടകയും ഡോക്ടർ ഫീസും മാത്രമാണ് ഇതിൽ ഉൾപ്പെടുക. ഫെബ്രുവരി 2 ന് പകുതി ബിൽ നൽകിയപ്പോൾ തുക 2,40,000 രൂപ. മൂന്നു പേരെ ഒരു മുറിയിൽ താമസിപ്പിച്ചിട്ട് ഓരോരുത്തരുടെയും കയ്യിൽ നിന്ന് വാങ്ങിയതോ 10, 300 രൂപ. മൂന്നു പേരെ ഒന്നിച്ച് താമസിപ്പിച്ചിട്ട് ഓരോ അഡ്മിഷനും പ്രത്യേകമാണെന്ന വാദമാണ് അശുപത്രിക്കാർ ഉന്നയിക്കുന്നത്.
പി പി ഇ കിറ്റിലാണ് മറ്റൊരു വെട്ടിപ്പ്. രണ്ടു നഴ്സുമാരാണ് വരുന്നത്. അവർക്കായി ദിവസവും രണ്ടു കിറ്റു വാങ്ങി നൽകണം. ഒരു നഴ്സ് ഒരു ദിവസം പത്തു പേരെയെങ്കിലും പരിചരിക്കുന്നുണ്ട്. ഈ പത്തു പേരിൽ നിന്ന് രണ്ടെണ്ണം വച്ച് ലഭിക്കുന്നത് 20 കിറ്റ്. പക്ഷേ, ഒരു ദിവസം വേണ്ടത് രണ്ട് കിറ്റ് മാത്രം. 14 ദിവസം ഇവിടെ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർ പറയുന്നത്. എൻ്റെ കുടുംബം വിറ്റാൽ പോലും ഇത്രയും തുകയുണ്ടാക്കാൻ കഴിയില്ല. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.