മോട്ടോർവാഹനവകുപ്പിന്റെ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ്‌വെയർ പൂർണമായി നിർത്തുന്നു ലേണേഴ്‌സ് ലൈസൻസ് നേടി ഇതുവരെ ഡ്രൈവിങ് ടെസ്റ്റ് പാസാവാത്തവർക്ക് ഇത് തിരിച്ചടിയാകും.



മോട്ടോർവാഹനവകുപ്പിന്റെ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ്‌വെയർ പൂർണമായി നിർത്തുന്നു. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രീകൃതസംവിധാനമായ ‘സാരഥി’ നിലവിൽവന്നതോടെയാണിത്. ഈ സോഫ്റ്റ്‌വെയർപ്രകാരം ലേണേഴ്‌സ് ലൈസൻസ് നേടി ഇതുവരെ ഡ്രൈവിങ് ടെസ്റ്റ് പാസാവാത്തവർക്ക് ഇത് തിരിച്ചടിയാകും. ഇവർ മാർച്ച് 31-നകം ഡ്രൈവിങ് പരീക്ഷ പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലുള്ള ലേണേഴ്‌സ് ലൈസൻസ് അസാധുവാകും. മേയ് ഒന്നുമുതൽ ‘സ്മാർട് മൂവ്’ പൂർണമായി നിർത്തി ‘സാരഥി’മാത്രമാകും മോട്ടോർവാഹനവകുപ്പ് ഉപയോഗിക്കുക.

2019 ജനുവരിയിലാണ് കേന്ദ്രീകൃതസംവിധാനമായ ‘സാരഥി’ നടപ്പാക്കിത്തുടങ്ങിയത്. എങ്കിലും 2020 ജനുവരിവരെ പലയിടങ്ങളിലും പഴയ ‘സ്മാർട് മൂവ്’ സംവിധാനം ഉപയോഗിച്ചിരുന്നു. അന്നെല്ലാം ലൈസൻസിനായി അപേക്ഷിച്ച് ലേണേഴ്‌സ് പരീക്ഷ ജയിക്കുകയും എന്നാൽ, ഡ്രൈവിങ് പരീക്ഷ പൂർത്തിയാക്കാതിരിക്കുകയും ചെയ്തവർക്കാണ് തിരിച്ചടിയാകുന്നത്. ഡ്രൈവിങ് പരീക്ഷയ്ക്ക് ഇപ്പോഴും ഹാജരാകാത്ത നിരവധിപേരുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്. ഇവരെല്ലാം മാർച്ച് 31-നകം പരീക്ഷ പൂർത്തിയാക്കണം. അല്ലാത്തപക്ഷം വീണ്ടും ലൈസൻസിനായി അപേക്ഷനൽകി ലേണേഴ്‌സ് പാസായിവേണം ഡ്രൈവിങ് പരീക്ഷയ്ക്ക് ഹാജരാകാൻ.

ലൈസൻസുകൾക്കുപുറമേ, ആ കാലത്ത് നൽകിയ മറ്റുസേവനങ്ങൾക്കുള്ള അപേക്ഷകളിലെല്ലാം ഈമാസത്തോടെ നടപടികൾ പൂർത്തിയാക്കണം. ഫെബ്രുവരിക്കുശേഷം ഈ അപേക്ഷകളും അസാധുവാകും.

ഏപ്രിൽ ഒന്നുമുതൽ പഴയ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ പൂർണമായി ‘സാരഥി’യിലേക്ക് മാറ്റും. അതിനുശേഷം മേയ് ഒന്നോടെ മോട്ടോർവാഹനവകുപ്പിൽ ‘സാരഥി’ സോഫ്റ്റ്‌വെയർമാത്രമാണ് ഉപയോഗിക്കുകയെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.
Previous Post Next Post