മലപ്പുറം: തിരൂരില്‍ റീസര്‍വേ ഓഫീസര്‍ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം കടക്കാവൂര്‍ സ്വദേശി അംജദ് ആണ് മരിച്ചത്. ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആരോപണം ഉയരുന്നു.
മലപ്പുറത്തെ താമസമുറിയിലാണ് അംജദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂര്‍ റീസര്‍വേ ഓഫീസിലെ സെക്കന്റ് ഗ്രേഡ് റീസര്‍വേയറാണ് അംജദ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരൂര്‍ ഓഫീസില്‍ അംജദ് നിയമിതനായത്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ രണ്ടാഴ്ച മുമ്പാണ് തിരൂരിലെത്തി ജോലിയില്‍ പ്രവേശിച്ചത്.
അന്നുമുതല്‍ മേലുദ്യോഗസ്ഥന്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ മേലുദ്യോഗസ്ഥന്‍ അനുവദിക്കാത്തതിനാല്‍ മരിച്ച അംജദ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലമാണ് ആത്മഹത്യ എന്ന ആരോപണം അന്വേഷിക്കണമെന്ന് എം ഉമ്മര്‍ എംഎല്‍എ ആവശ്യപ്പെട്ടു.