കോഴിക്കോട്: മൊബൈൽ ഫോൺ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
തലശ്ശേരി ചക്കുംകുനിയിൽ റെനീഷ് (34), പയ്യന്നൂർ കാമ്പുറത്ത് സുമേഷ് (38), കാസർകോട് പുത്തൻപുരയിൽ രാജേഷ് (35), വെള്ളയിൽ തൊടിയിൽ അമൃതേഷ് (29), കൽപറ്റ ജാൻ വർഗിസ് കോളനിയിൽ ബാബു (37) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം രാത്രി കെ.എസ്.ആർ.ടിസി സ്റ്റാൻഡിൽ യാത്രക്കാരെൻറ പഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ചു ഓടിയ കേസിലെ പ്രതികളാണിവരെന്ന് പൊലീസ് അറിയിച്ചു.
കവർച്ച നടത്തിയ മൊബൈൽ ഫോൺ ഗൾഫ് ബസാറിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ സമീപത്തുണ്ടായിരുന്ന ആളുകളെ വിവരം അറിയിച്ചു. പിന്നീട് പൊലീസിനെ അറിയിക്കുകയും കവർച്ച നടത്തിയ മൊബൈൽ ഫോൺ സഹിതം പ്രതികളെ പിടികൂടുകയുമായിരുന്നു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം. ഷാലു, ശ്രീജിത്ത്, കസബ എസ്.ഐ ശ്രീജേഷ്, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.