കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാക്കൾ.






ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേരത്തെ എതി‌ർപ്പുയ‌‌ർത്തിയ മുതിർന്ന നേതാക്കൾ. കോൺഗ്രസ് ദുർബലമായെന്ന് കപിൽ സിബൽ ആരോപിച്ചു. ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭ സീറ്റ് നൽകേണ്ടതായിരുന്നുവെന്നും സിബൽ അഭിപ്രായപ്പെട്ടു. ജനാല ചാടി വന്നവരല്ല താനുൾപ്പെടെയുള്ള നേതാക്കളെന്നും താൻ കോൺഗ്രസുകാരനാണോ എന്ന് മറ്റുള്ളവർ നിശ്ചയിക്കേണ്ടെന്നും ആനന്ദ് ശർമ്മ തുറന്നടിച്ചു. ജമ്മുവിലെ പരിപാടിയിലായിരുന്നു നേതാക്കളുടെ പരമാർശം. 

സംഘത്തിലെ മുതിർന്ന നേതാവും ജി 23 റിബൽ സംഘത്തിന്റെ മുഖങ്ങളിലൊരാളുമായ ആനന്ദ് ശർമ്മ കോൺഗ്രസ് കഴിഞ്ഞ ദശാബ്ദത്തിൽ ദുർബലമായെന്നും പുതിയ തലമുറ പാർട്ടിയുമായി ബന്ധപ്പെടണമെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ നല്ല കാലം കണ്ടവരാണ് ഞങ്ങളെന്നും ഞങ്ങൾക്ക് വയസാകുമ്പോൾ കോൺഗ്രസ് ദുർബലമാകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ഒരു വർഷമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. 

ജി 23 കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്ന സംഘമല്ലെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ജി 23 ആഗ്രഹിക്കുന്നതെന്നും രാജ് ബബ്ബാർ പറയുന്നു.  കോൺഗ്രസ് ദുർബലമാകുന്നുവെന്നതാണ് യാഥാർത്ഥ്യമെന്ന് കപിൽ സിബലും ആവർത്തിച്ചു. ഒത്തൊരുമിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ജമ്മുവിലെ ഒത്തു ചേരലെന്നാണ് കപിൽ സിബലിന്‍റെ വിശദീകരണം. 
 

Previous Post Next Post